കഴിഞ്ഞ ഒരു മാസത്തോളമായി എന്റെ വീട്ടിൽ രണ്ടു പേർ കൂടി പുതിയതായി ഉണ്ടായിരുന്നു. ഒരു തേൻകുരുവിയും അവളുടെ ഭർത്താവും. വീട്ടിൽ ഞാൻ പത്രം വായിക്കാനിരിക്കാറുള്ള സ്ഥലത്ത് വള്ളിപ്പാല ചെടി(curtain plant) പടർത്തിയിട്ടുണ്ട്. അവിടെ ഞാൻ ഇരിക്കാറുള്ള സമയത്ത് ഈ തേൻ കുരുവികൾ എന്റെ തലക്കു മുകളിൽ വള്ളിപ്പാലയിൽ വന്നിരിക്കാറുണ്ട്.വീട്ടിൽ കുളക്കോഴിയും,മയിലും,പൂത്താംകീരി കിളിയും, മണ്ണാത്തിപുള്ളും ഒക്കെ സ്ഥിരം സന്ദർശകരായതുകൊണ്ട് ഈ തേൻ കുരുവികളെ ഞാൻ കാര്യമായി ശ്രദ്ധിച്ചില്ല. മറ്റുള്ളവർക്കൊപ്പം ഇവരും വന്നു അത്രേ ഉള്ളൂ എന്ന് ഞാൻ കരുതി. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അവർ എന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്നെ മാത്രമല്ല എന്റെ കുടുംബാംഗങ്ങളേയും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ഒരാഴ്ച്ചക്കാലം നിരീക്ഷിച്ചതിനു ശേഷം തേൻകുരുവികൾ ഞാൻ പത്രം വായിക്കാൻ ഇരിക്കുന്ന കസേരക്ക് നേരെ മുകളിൽ ആയി വള്ളിപ്പാലയുടെ ഒരു വളളിയിൽ കൂടുകൂട്ടി തുടങ്ങി.ഒരാഴ്ച്ച എന്നേയും വീട്ടുകാരേയും കുറിച്ച് ശരിക്കും പഠിച്ചതിന് ശേഷമായിരുന്നു അവർ കൂടുകൂട്ടാൻ തുടങ്ങിയത്. അവരുടെ വിശ്വാസം ഞങ്ങൾ തെറ്റിച്ചില്ല. അവരെ ആക്രമിക്കാൻ വന്ന അയലത്തെ മേരിയുടെ പൂച്ചകളെ ഓടിച്ച് വിട്ട് എന്റെ മക്കൾ തേൻ കുരുവികളുടെ ഇഷ്ടക്കാരായി മാറി. എന്റെ വീട്ടിലുള്ളവരല്ലാതെ വേറെ ആരു വന്നാലും അവർ പറന്നു പോകുമായിരുന്നു. വാഴനാരുകളും ചകിരിനാരുകളും കൊണ്ട് നാലു ദിവസം കൊണ്ട് അവർ കൂടുപണിതു. പണി പൂർത്തിയായി ഉടനെ പെൺകുരുവി രണ്ടു മുട്ട ഇട്ടു.കുരുവികൾക്കൊപ്പം ഞങ്ങളും ആ ദിവസത്തിനായി കാത്തിരുന്നു. അവസാനം ആ ദിവസം എത്തി. രാവിലെ പത്രം വായിക്കാനിരുന്ന ഞാൻ തലക്കു മുകളിൽ കൂട്ടിൽ നിന്നും ആ കുഞ്ഞി കരച്ചിൽ കേട്ടു. കൂട്ടിലേക്ക് എത്തി നോക്കി.എനിക്കു വേണ്ടി അമ്മക്കിളിയും അച്ഛൻ കിളിയും മാറി തന്നു. രണ്ടു മുട്ടയും വിരിഞ്ഞിരിക്കുന്നു. ആ സന്തോഷ വാർത്ത ഞാൻ വീട്ടിലുള്ളവരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷം.പ്രത്യേകിച്ച് എന്റെ മക്കൾക്ക്. കുരുവികൾ അവരുടെ മക്കൾക്ക് തീറ്റ കൊടുക്കുന്നതും കുഞ്ഞികിളികൾ വായ പിളർന്നിരിക്കുന്നതും കാണാൻ രസമാണ്. രാത്രി അമ്മക്കിളി മക്കൾക്കൊപ്പം കൂട്ടിലിരിക്കും. അച്ഛൻകിളി കാവലിന് പുറത്ത് വള്ളിപാലയിൽ ഇരിക്കും. അങ്ങനെ ആറു ദിവസം കഴിഞ്ഞു.രാവിലെ ആറു മണിയോടെ തേൻ കുരുവികൾ ചിലക്കുന്ന ശബ്ദം കേൾക്കാറുണ്ട്. പക്ഷേ അന്നു ഞാൻ ആ ശബ്ദം കേട്ടില്ല. പുറത്തു വന്നു കൂട്ടിലേക്ക് നോക്കി. അമ്മക്കിളിയും അച്ഛൻകിളിയും വള്ളിപ്പാലയിൽ മിണ്ടാതെ ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ കൂടിനു താഴെ പത്രം വായിക്കാനിട്ടിരിക്കുന്ന കസേരക്കടുതെത്തി. ആ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി. കസേരക്കു മുകളിൽ രണ്ടു കിളി കുഞ്ഞുങ്ങൾ ഉറുമ്പരിച്ച് കിടക്കുന്നു.ഞാനവയെ തൊട്ടു നോക്കി. മരിച്ചിരിക്കുന്നു. കുഞ്ഞുതൂവലുകൾ വന്നു തുടങ്ങിയ ശരീരം. പറക്കാൻ ശ്രമിച്ചപ്പോൾ താഴെ വീണതാണെന്നു തോന്നുന്നു. രണ്ടു കിളികുഞ്ഞുങ്ങളും വീഴ്ച്ചയിൽ ചത്തുപോയി. ഞാൻ എന്തു ചെയ്യണമെന്നറിയാതെ ആ കിളികുഞ്ഞുങ്ങളുടെ മാതാപിതാക്കളെ നോക്കി. എന്നെ കുറച്ചുനേരം നോക്കിയിരുന്ന് അവർ രണ്ടാളും പറന്നു പോയി.അവർ വീണ്ടും മുട്ടയിടാൻ വരും എന്ന പ്രതീക്ഷയിൽ ഞാൻ കുറച്ചു ദിവസം ഇരുന്നു. അവർ വന്നില്ല. മക്കൾ നഷ്ടപ്പെട്ട തേൻ കുരുവികളുടെ കണ്ണീർ വീണിട്ടാണോ എന്നറിയില്ല, അവർ കൂടുകൂട്ടിയ വള്ളിപ്പാലയും ഉണങ്ങി തുടങ്ങിയിരിക്കുന്നു. ഉണങ്ങിയ വള്ളിപ്പാലക്കു ഞാൻ വെള്ളം ഒഴിക്കുന്നുണ്ട്. പറന്നു പോയ തേൻകുരുവികൾക്കുവേണ്ടി ഉണങ്ങിയ വള്ളിപ്പാലക്ക് പുതിയ മുകുളം വരുന്നത് നോക്കി ഞാനിരിക്കുന്നു.
2018 ജനുവരി 29, തിങ്കളാഴ്ച
2018 ജനുവരി 17, ബുധനാഴ്ച
മച്ചാട്
അങ്ങു ദൂരെ ചക്രവാളത്തിൽ കാണുന്ന മലനിരകളാണ് മച്ചാട് മലകൾ.ആ മലകൾക്കു താഴേയാണ് എന്റെ ഗ്രാമം മച്ചാട്. എല്ലാവരും ഗ്രാമഭംഗികൾ വർണ്ണിക്കുമ്പോൾ സ്ഥിരം ഉപയോഗിക്കുന്ന പുഴയും വയലും ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല. എന്റെ ഗ്രാമത്തിൽ പുഴയില്ല. ഉണ്ടായിരുന്ന ഒരു പുഴയിൽ ഒരു ഡാം നിർമ്മിച്ചിട്ടുണ്ട് വാഴാനി ഡാം. ഡാം നിർമ്മിച്ചതോടെ ഞങ്ങൾക്കു പുഴയില്ലാതായി എങ്കിലും വേനൽ കനക്കുമ്പോൾ കനാലിലൂടെ വിടുന്ന ഡാമിലെ ജലം കൊണ്ടാണ് ഞങ്ങൾ മച്ചാട്ടുകാരുടേയും സമീപ ഗ്രാമങ്ങളിലുള്ളവരുടേയും ജലക്ഷാമം തീരുന്നത്. അതുകൊണ്ട് പുഴയില്ലാതായെങ്കിലും ഞങ്ങൾ ഡാമിനെ കുറ്റം പറയുന്നില്ല. പുഴയില്ലെങ്കിലും വിശാലമായ പാടശേഖരങ്ങൾ മച്ചാടിനുണ്ട്.പണ്ട് ഈ പാടത്ത് കൊയ്ത്ത് കഴിഞ്ഞ് പോത്തിന്റെ പുറത്ത് നുകം കെട്ടി പാടം ഉഴുതുമറിക്കും. ആ ദിവസങ്ങളിൽ ഞങ്ങൾ ദാരിദ്രമുള്ള വീട്ടിലെ കുട്ടികൾ സ്ക്കൂളിൽ പോകില്ല.കാരണം പോത്തിനെ കൊണ്ട് പാടം ഉഴുതുമറിക്കുമ്പോൾ പാടത്തെ മീനുകളെല്ലാം ചെളിവെള്ളത്തിൽ മുകളിലേക്ക് പൊന്തിവരും. ആ മീനുകളെ ഞങ്ങളെല്ലാവരും പിടിക്കും. അന്നൊക്കെ മീൻകാരന്റെ കയ്യിൽ നിന്ന് മീൻ മേടിച്ച് കറി വെക്കാൻ ഞങ്ങളുടെ ദാരിദ്രം അനുവദിച്ചിരുന്നില്ല. വർഷത്തിലൊരിക്കൽ കൊതി തീരും വരെ ഞങ്ങൾ മീൻ കഴിച്ചിരുന്നത് ഇങ്ങനെയാണ്.
ഞങ്ങൾ മച്ചാട്ടുകാരുടെ മറ്റൊരു പ്രത്യേക ത എല്ലാരുടേയും ഒത്തൊരുമയാണ്. ഞങ്ങളുടെ ഇടയിൽ ശത്രുത വരുന്ന സമയം ഇലക്ഷൻ കാലത്താണ്. ആ സമയത്ത് ഒരു പാർട്ടിക്കാരന് മറ്റൊരു പാർട്ടിക്കാരനെ കണ്ടു കൂട എങ്കിലും ആ ദേഷ്യമൊക്കെ ഇലക്ഷൻ ഫലം വന്ന് ഒരു മാസത്തിനുള്ളിൽ തേഞ്ഞുമാഞ്ഞു പോകും. എന്നിട്ടും പോകാത്ത ദേഷ്യം മച്ചാടു മാമാങ്കത്തിനും പള്ളിപെരുന്നാളിനും ഞങ്ങൾ തല്ലി തീർക്കും. എങ്കിലും നാടെവിടാന്ന് ചോദിക്കുമ്പോൾ മച്ചാടാണ് എന്നു പറയുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പടരുന്ന ഒരു കുളിരുണ്ട്. സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ മതമൈത്രിയുടെ ആ കുളിരാണ് ഞങ്ങളുടെ മച്ചാട് ഗ്രാമത്തിന്റെ ഭംഗി.
കൂടുതൽ മച്ചാട് വിശേഷം കുറേശ്ശെയായി ഞാൻ പറയാം. സ്നേഹത്തോടെ കാത്തിരിക്കുക.
2018 ജനുവരി 16, ചൊവ്വാഴ്ച
എന്റെ തുടക്കം
കാണാത്തത് കാണുവാൻ ഇനിയും ഏറെയുണ്ട്. കേൾക്കാത്തത് കേൾക്കുവാൻ അതിലേറെയുണ്ട്.ഇതിനെല്ലാം ഇടയിൽ ജീവിത പച്ചപ്പുതേടി ഈ ഉണങ്ങിയ വഴിയിലൂടെ എന്റെ യാത്ര ഞാൻ ഇവിടെ തുടങ്ങുന്നു.